സ്യൂഡോമോണസ് ഫ്ലൂറസെന്‍സ് - ഒരു മിത്ര ബാക്‌ടീരിയ
ചെടികളിലെ രോഗ നിയന്ത്രണത്തിനായ് രാസകുമിള്‍ നാശിനികള്‍ മാത്രമല്ല ആശ്രയം മണ്ണില്‍ തന്നെയുള്ള ചില അണുജീവികള്‍ ചെടികളെ രോഗങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തുന്നുണ്ട‌്. അത്തരത്തിലുള്ള ഒരു അണുജീവിയാണ് സ്യൂഡോമോണസ് ഫ്ലൂറസെന്‍സ് എന്ന ബാക്‌ടീരിയ. പച്ചക്കറിയിലെ ഇലപ്പുള്ളി രോഗങ്ങള്‍,
നെല്ലിലെ ബാക്‌ടീരിയ മൂലമുണ്ടാകുന്ന ഇലകരിച്ചില്‍, ബ്ലാസ്റ്റുരോഗം, പോളകരിച്ചില്‍ എന്നിവ നിയന്ത്രിക്കാന്‍ ഇത് ഉത്തമമാണ്.
സ്യൂഡോമോണസ് ഉത്പ്പാദിപ്പിക്കുന്ന സിഡറോഫോര്‍ എന്ന രാസവസ്‌തു ചെടികളിലെ രോഗാണുക്കള്‍ക്ക് ഇരുമ്പ് ലഭ്യമല്ലാതാകുന്നതിലൂടെയാണ് രോഗനിയന്ത്രണം സാധ്യമാകുന്നത്. ഇതുകൂടാതെ സ്യൂഡോമോണസ് ഉത്പ്പാദിപ്പിക്കുന്ന ആന്റിബയോട്ടിക്കുകളും രോഗനിയന്ത്രണത്തിനായ് സഹായിക്കുന്നുണ്ട്. വേരുകളെ രോഗാണുക്കളുടെ ആക്രമണത്തില്‍ നിന്നും സംരക്ഷിച്ച് ചെടിയുടെ വളര്‍ച്ച ദ്രുതഗതിയിലാക്കാനും സ്യൂഡോമോണസ് സഹായിക്കുന്നു.
ബാക്‌ടീരിയയെ ടാല്‍ക്കുമായ് യോജിപ്പിച്ച് പൊടിരൂപത്തിലാണ് ഇത് ലഭ്യമായിട്ടുള്ളത്. സ്യൂഡോമോണസ് നാല് തരത്തില്‍ നമുക്ക് ഉപയോഗിക്കാം. ആദ്യമായി 10ഗ്രാം സ്യൂഡോമോണസ് ടാല്‍ക്ക് വെള്ളത്തില്‍ കുതിര്‍ത്തുവെച്ചിരിക്കുന്ന 1കിലോഗ്രാം വിത്തിലേക്ക് ഇടുക.
ഇത്തരത്തില്‍ മുളപ്പിച്ച വിത്തുകള്‍ നടാനായ് ഉപയോഗിക്കാം. അല്ലെങ്കില്‍,
തൈയുടെ വേരുകള്‍ സ്യൂഡോമോണസ് ലായനിയില്‍ 30 മിനുട്ടുനേരം മുക്കിവെച്ചതിനുശേഷം നടാം. രോഗനിയന്ത്രണത്തിനായ് 2% സ്യൂഡോമോണസ് ലായനി ചെടിക്കുചുറ്റും മണ്ണില്‍ ഒഴിച്ചുകൊടുക്കുകയോ ഇലകളില്‍ തളിച്ചു കൊടുക്കുകയോ ചെയ്യാം.
രോഗനിയന്ത്രണം സാധ്യമാക്കുകയും ചെടികളുടെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്ന സ്യൂഡോമോണസ് എന്ന മിത്ര ബാക്‌ടീരിയ ജൈവകൃഷിയിലെ ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകമാണ്.
1കിലോഗ്രാം സ്യൂഡോമോണസ് പാക്കറ്റ് 75 രൂപ നിരക്കില്‍ പടന്നക്കാട് ഇന്‍സ്‌ട്രക്ഷണല്‍ ഫാമില്‍ ലഭ്യമാണ്.
തയ്യാറാക്കിയത്,
ആതിര. എൻ .എസ്
No comments:
Post a Comment