- നീതു . ജി. രാജ്
മലയാളികള്‍ക്കെല്ലാം സുപരിചിതമായ ഒന്നാണ് ചക്കപ്പഴം. ചക്കവിഭവങ്ങളും മലയാളികളുടെ ജീവിതവുമായി ഇണങ്ങിച്ചേര്‍ന്നു കിടക്കുന്നു. പ്ലാവ് വര്‍ഷം തോറും നമുക്ക് അനേകം ചക്ക തരുന്നു. എന്നാല്‍ അതിന്റെ ഉല്‌പ്പാദനത്തിന്റെ സാമ്പത്തിക സാധ്യതകള്‍ മനസ്സിലാക്കുന്നതിലും അത‌് ശരിയാംവണ്ണം ചൂഷണം ചെയ്യുന്നതിലും നമുക്ക് പരാജയം സംഭവിച്ചിട്ടുണ്ടോന്നു സംശയിക്കേണ്ടിയിരിക്കുന്നു.
ഒരു പൂങ്കുലയിലെ അനേകം പൂക്കള്‍ ഒരുമിച്ച് ഒറ്റപ്പഴമായി വളരുന്ന പ്രത്യേക പ്രതിഭാസമാണ് ചക്ക. രണ്ടുതരം ചക്കകളാണ് പ്രധാനമായുമുള്ളത‌് വരിയ്‌ക്കയും കൂഴചക്കയും. ചക്ക വരിയ്‌ക്ക ഇനത്തില്‍പ്പെട്ടതായാലും കൂഴ ഇനത്തില്‍പ്പെട്ടതായാലും സംസ്‌കരണത്തിന് അനുയോജ്യമാണ്. ചക്കകൊണ്ട് അനവധി വിഭവങ്ങള്‍ ഉണ്ടാക്കാവുന്നതാണ്. പിഞ്ചുപ്രായത്തിലുള്ള ചക്കകളും, പഴുത്ത ചക്കയുമൊക്കെ പലവിധ ഉല്‌പ്പന്നങ്ങള്‍ ഉണ്ടാക്കാന്‍ അനുയോജ്യമാണ്. ചക്കപഴത്തിന്റെ ഭാഗങ്ങള്‍ ചുള, ചവിണി, മടല്‍, കൂന്, ചക്കക്കുരു എന്നിവ പല ഉല്‌പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന് സഹായകരമാണ്.
ചക്കയില്‍ നിന്നും വിവിധതരത്തിലുള്ള വിഭവങ്ങള്‍ ഉണ്ടാക്കാവുന്നതാണ് എന്നാല്‍ ഇപ്പോഴും ഇതൊന്നും മനസ്സിലാക്കാതെ ചക്കകള്‍ പാഴാക്കി കളയുകയാണ് കര്‍ഷകര്‍. ചക്കയില്‍ നിന്നും പല മൂല്യ വര്‍ദ്ധിത വസ്‌തുക്കള്‍ ഉണ്ടാക്കാന്‍ പറ്റുന്നതാണ്. ചക്ക കട്‌ലറ്റ്, ചക്ക അച്ചാര്‍, ചക്ക ചിപ്‌സ്, ഉണക്കിയ ചക്കചുള, ചക്ക പപ്പടം, ചക്ക കൊണ്ടാട്ടം, ചക്ക ബജി, ചക്ക ജെല്ലി, ചക്ക വൈന്‍, ചക്ക ബാര്‍, ചക്ക സ്‌ക‌്വാഷ്, ചക്ക സോസ്, ചക്ക ഹല്‍വ, ചക്ക ടോഫി തുടങ്ങിയ വിവിധ വിഭവങ്ങള്‍ ചക്കയില്‍ നിന്നും ഉണ്ടാക്കുവാനാകും. ഇതെല്ലാം മനസ്സിലാക്കി കര്‍ഷകര്‍ ഇതിനു നേതൃത്വം കൊടുക്കുകയാണെങ്കില്‍ പ്ലാവായിരിക്കും കര്‍ഷകന്റെ ഏറ്റവും ആദായം നല്‍കുന്ന വിള.
ചക്ക കൊണ്ടുണ്ടാക്കാവുന്ന മൂല്യ വര്‍ദ്ധിത വസ്‌തുക്കള്‍
1. ചക്ക അച്ചാര്‍
ആവശ്യമായ സാധനങ്ങള്‍:
ഉപ്പുലായനിയില്‍ പാകമാക്കിയ ചക്കകഷണങ്ങള്‍ കഴുകിയത് - 5 കപ്പ്
പുളി - ഒരു ചെറുനാരങ്ങ
വലുപ്പത്തില്‍
മുളകുപൊടി - 12 ടീസ്‌പൂണ്‍
മഞ്ഞള്‍പൊടി - 2 ടീസ്‌പൂണ്‍
വെളുത്തുള്ളി അല്ലി -
ഇഞ്ചി കൊത്തിയരിഞ്ഞത് - 2 ടീസ്‌പൂണ്‍
കടുക് - 1 ടീസ്‌പൂണ്‍
നല്ലെണ്ണ - 2 വലിയ കരണ്ടി
പാകം ചെയ്യുന്ന വിധം: നല്ലെണ്ണയില്‍ ഇഞ്ചി കൊത്തിയരിഞ്ഞതും, വെളുത്തുള്ളിയും വഴറ്റിയ ശേഷം മുളകുപൊടി, മഞ്ഞള്‍പൊടി, പുളി പിഴിഞ്ഞത്, കടുക്, ജീരകപ്പൊടി എന്നിവ ചേര്‍ത്ത് പാകപ്പെടുത്തിയ ചക്ക കഷണങ്ങളുമിട്ട് ഇളക്കി കുപ്പിയില്‍ കോരി നിറയ്‌ക്കാം. നിറയ്‌ക്കുന്ന അവസരത്തില്‍ വായു അറകള്‍ ഉണ്ടാകാതിരിക്കാന്‍ അച്ചാര്‍ കൂട്ട് നല്ലപോലെ അമര്‍ത്തി കുപ്പിയുടെ കഴുത്തറ്റം വരെയാക്കി മുകളില്‍ ചൂടാക്കി തണുപ്പിച്ച നല്ലെണ്ണ ഒഴിച്ച് അടപ്പിട്ട് മുറുക്കിവെയ്‌ക്കാം.
2. ഇടിയന്‍ ചക്ക കട്‌ലറ്റ്
ഇടിയന്‍ ചക്ക - 1 കിലോഗ്രാം
ഉള്ളി - 500 ഗ്രാം
ഉരുളകിഴങ്ങ് - 750 ഗ്രാം
പച്ചമുളക് - 50ഗ്രാം
ഇഞ്ചി - 25 ഗ്രാം
വെളുത്തുള്ളി - 250ഗ്രാം
മുളകുപൊടി - 10ഗ്രാം
മഞ്ഞപൊടി - 5ഗ്രാം
കുരുമുളകുപൊടി - 1 സ്‌പൂണ്‍
മസാലപൊടി - 5ഗ്രാം
ഉപ്പ് - ആവശ്യത്തിന്
റൊട്ടിപൊടി - 750ഗ്രാം
മുട്ട/മൈദ – 150ഗ്രാം
പാകം ചെയ്യുന്ന വിധം: വൃത്തിയാക്കിവെച്ചേയ്‌ക്കുന്ന ഇടിയന്‍ ചക്ക കക്ഷണങ്ങള്‍ വെള്ളത്തിലിട്ട് വേവിക്കുക അതിനുശേഷം കൂടുതലുള്ള വെള്ളം കളയുക. ഇതുപ്പോലെ ഉരുളകിഴങ്ങും ഉപ്പിട്ട് വേവിക്കുക ശേഷം പേസ്‌റ്റ് രൂപത്തിലാക്കുക.
ഒരു പാത്രത്തില്‍ കുറച്ച് എണ്ണ ചൂടാക്കിയതിനുശേഷം അതിലേക്കു അരയ്‌ച്ചുവെച്ചേക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ഇടുക തവിട്ടുനിറമാകുന്നവരെ ചൂടാക്കുക, അതിനുശേഷം ഉള്ളിയും പച്ചമുളകും ഇടുക. അതുകഴിഞ്ഞു മുളകുപൊടിയും മഞ്ഞപൊടിയും മസാലപൊടിയും ചേര്‍ക്കുക. ചൂടോടെതന്നെ ഇതിലേക്ക് വേവിച്ച ഇടിയന്‍ ചക്ക കക്ഷണങ്ങളും പേസ്‌റ്റ് രൂപത്തിലാക്കിയ ഉരുളകിഴങ്ങും നന്നായി ചേര്‍ക്കുക. അതിനുശേഷം ഇഷ്‌ടമുള്ള ആകൃതിയില്‍ ഉണ്ടാക്കി മുട്ടയില്‍ മുക്കി റൊട്ടിപൊടിയിലോ മൈദയിലോ മുക്കി പൊരിച്ചെടുക്കുക.
3. ചക്ക ഉപ്പേരി
മൂപ്പെത്തിയ ചക്കയുടെ ചുളകള്‍ നീളത്തില്‍ വിരല്‍ ആകൃതിയില്‍ മുറിച്ച് വെളിച്ചെണ്ണയില്‍ വറുത്തെടുത്ത് ഉപ്പുചേര്‍ത്താല്‍ ചക്ക ഉപ്പേരി ഉണ്ടാക്കാം സ്വര്‍ണ്ണനിറമുള്ള, നല്ല സ്വാദുള്ള ചക്ക ഉപ്പേരി കേരളീയരുടെ ഇഷ്‌ടവിഭവമാണ്.
4. ചക്ക പപ്പടം
മൂപ്പെത്തിയ ചക്കചുളകള്‍ അരച്ച്, പപ്പടം പോലെ പരത്തി വെയിലത്തുവെച്ചുണക്കി ചക്ക പപ്പടം ഉണ്ടാക്കാം. ഉപ്പ്, മുളകുപൊടി, കുരുമുളക്, മല്ലി, ഉഴുന്നുമാവ് എന്നിങ്ങനെ ചേരുവകള്‍ ചേര്‍ത്ത് അനേകരുചികളിലുള്ള പപ്പടം ഉണ്ടാക്കാം.
5. ഉണക്കിയ ചക്കചുള
മൂപ്പെത്തിയ ചക്കചുളകള്‍ ചെറുതായി ആവിയില്‍ വേവിച്ചശേഷം വെയിലത്തുണക്കിയാണ് ഉണ്ടാക്കുന്നത്. പിന്നീട് കറികള്‍ ഉണ്ടാക്കാനും മറ്റും ഉപയോഗിക്കാം. ഒരേ വലുപ്പത്തില്‍ അരിഞ്ഞ് കക്ഷ‌്ണങ്ങളാക്കിയാല്‍ ഒരുപോലെ വേഗത്തില്‍ ഉണങ്ങിക്കിട്ടും.
6. ചക്ക ജാം
പഴുത്ത ചക്കചുള ചെറുതായി ആതവിയില്‍ വേവിച്ച് പള്‍പ്പറിലോ, മിക്‌സിയിലോ ഇട്ടുകൊടുത്താല്‍ പള്‍പ്പുണ്ടാക്കാം. പള്‍പ്പ് കേടുകൂടാതെ സൂക്ഷിച്ചു വയ്‌ക്കാന്‍ 1കിലോഗ്രാം പള്‍പ്പിന് 2.5കിലോഗ്രാംപൊട്ടാസിയം മെറ്റാബൈസള്‍ഫൈറ്റും 5ഗ്രാം സിട്രിക്ക് ആസിഡ് ചേര്‍ത്തുകൊടുത്താല്‍ മതി.