മണ്ണിന്റെ സൂര്യതാപീകരണം
ജൈവ കൃഷി രീതിയിൽ നമ്മൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മണ്ണു ജന്യ രോഗ കീട നിയന്ത്രണം. രാസവളങ്ങൾ ഒന്നും ഉപയോഗിക്കാതെ വളരെ എളുപ്പമായി മണ്ണിൽ കാണുന്ന കീടങ്ങളെയും കുമിളുകളെയും ബാക്ടീരിയകളെയും മറ്റും നിയന്ത്രിക്കാൻ സാധിക്കുന്ന മാർഗമാണ് സുരാതാപീകരണം. ഇതിൽ നമ്മൾ സൂര്യന്റെ ചൂട് ഉപയോഗപ്പെടുത്തി മണ്ണിലെ സൂക്ഷ്മജീവികളെ നശിപ്പിക്കുന്നു. സര്യേതാപ ചികിത്സ ഉപയോഗിച്ച് നമുക്ക് നഴ്സറി ബെഡ്, പോട്ടിംഗ് മിശ്രിതം എന്നിവ അണുവിമുക്തമാക്കാൻ സാധിക്കും. ഇതിനായി നമുക്ക് ആവശ്യമുള്ളത് 100 മുതൽ 150 ഗേജ് കനമുള്ള സുതാര്യമായ പ്ലാസ്റ്റിക്ക് ഷീറ്റ് മാത്രമാണ്.
നഴ്സറി ബെഡ് സൂര്യതാപീകരണത്തിന് വിധേയമാക്കുന്നതിനായി ബെഡിന്റെ മുകൾഭാഗം കല്ലുകളും മറ്റും കളഞ്ഞ് നിരപ്പാക്കുക. അതിനു ശേഷം പ്ലാസ്റ്റിക്ക് ഷീറ്റ് ഉപയോഗിച്ച് ബെഡ് മൂടുക. ഷീറ്റിന്റെ അരികുകൾ മണ്ണ് ഉപയോഗിച്ച് മൂടുക. ഷീറ്റിന്റെയും മണ്ണിന്റെയും ഇടയിൽ വായൂ കടക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. 20 മുതൽ 30 ദിവസം വരെ ഷീറ്റ് ഇതേപടി നിലനിർത്തുക. അതിനു ശേഷം ഷീറ്റ് എടുത്തു മാറ്റി വിത്ത് പാകാവുന്നതാണ്.
ഇതേ രീതിയിൽ പോട്ടിംഗ് മിശ്രിതവും സൂര്യതാപീകരണത്തിന് വിധേയമാക്കാവുന്നതാണ്. അതിനായി പോട്ടിംഗ് മിശ്രിതം നിരപ്പായ സ്ഥലത്ത് 15 മുതൽ 20 cm കനത്തിൽ നിരത്തി ഇടുക. ഇത് നനച്ചതിനു ശേഷം പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മൂടുക. ഇത് 20 മുതൽ 30 ദിവസം വരെ നിലനിർത്തുക. ഷീറ്റ് മാറ്റിയതിനു ശേഷം പോട്ടിംഗ് മിശ്രിതം വിത്തുപാകുന്നതിനോ ചെടികൾ നടുന്നതിനോ ഉപയോഗിക്കാം. സൂര്യതാപീകരണം. തുറസ്സായ സ്ഥലത്ത് തണൽ ഇല്ലാത്ത ഇടത്ത് ചെയ്യാൻ ശ്രദ്ധിക്കണം. വേനൽക്കാലമാണ് സൂര്യതാപീകരണം ചെയ്യാൻ ഏറ്റവും അനുയോജ്യം. ഇങ്ങനെ ച്ചെയ്യുന്നതു വഴി മണ്ണിന്റെ ചൂട് കൂടുകയും അതുവഴി മണ്ണിൽ അവശേഷിക്കുന്ന കളവിത്തുകളും സൂക്ഷ്മജീവികളും കീടങ്ങളും നശിക്കുകയും ചെയ്യുന്നു
Jomin N Joy